സിക വൈറസ് നിങ്ങൾ അറിയേണ്ടതെല്ലാം
സിക വൈറസ്
കേരളത്തില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സിക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും. പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. സിക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല.
ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികള്‍ക്ക് നല്‍കുക.
സിക വൈറസ് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. വിശ്രമിച്ചാല്‍ പൂര്‍ണമായും മാറും. എന്നാല്‍ ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിച്ചേക്കാം. അതിനാല്‍ ഗര്‍ഭിണികള്‍ അതീവജാഗ്രത പുലര്‍ത്തണം. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരുമെന്നതും ഗൗരവമായി കാണണം.
രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പർര്‍ക്ക വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
പനിയും ശരീരത്തിൽ ചുവന്ന പാടുകളുമാണ് ലക്ഷണങ്ങൾ.
ഡെങ്കി, ചിക്കുൻ ഗുനിയ വൈറസുകൾ പകരുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. സിക്ക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിൽ, പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിച്ചു.
പനി, ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.
രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്
ശ്ദ്ധിക്കേണ്ട ചില കാര്യങ്ങൾ...
1. കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം.
2. ഗര്‍ഭിണികള്‍, ഗര്‍ഭധാരത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുക.
3. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം.
4. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. മാത്രമല്ല ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക.
Post a Comment